ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി
Friday, March 21, 2025 8:23 PM IST
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി ഫയർഫോഴ്സ് മേധാവി. 15 മിനിറ്റിൽ ജഡ്ജിയുടെ വീട്ടിലെ തീ അണച്ചെന്നും ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് അറിയിച്ചു.
വീട്ടിലെ സ്റ്റേഷനറി സാധനങ്ങൾക്കാണ് തീ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയ്ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീം കോടതി തീരുമാനിച്ചു. സുപ്രീം കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനം എടുത്തത്.
ജഡ്ജി യശ്വന്ത് വര്‍മയുടെ ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ഇന്ന് ചേർന്ന സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് യോഗത്തെ ധരിപ്പിച്ചിരുന്നു.
ജസ്റ്റീസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റീസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.