സബ് സ്റ്റേഷനിലെ തീപിടിത്തം; ആയിരത്തിലധികം വിമാന സർവീസുകളെ ബാധിച്ചതായി റിപ്പോർട്ട്
Friday, March 21, 2025 12:41 PM IST
ലണ്ടൻ: തീപിടിത്തമുണ്ടായതിനെ തുടർന്ന് ഹീത്രു വിമാനത്താവളം അടച്ചത് ആയിരത്തിലധികം വിമാന സര്‍വീസുകളെ ബാധിച്ചുവെന്ന് വിലയിരുത്തല്‍.
എയർഇന്ത്യയുടേത് ഉൾപ്പടെ 1,351 വിമാന സർവീസുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. ലണ്ടനിലെ ഹെല്ലിംഗ്ടണ് ബറോയിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലായിരുന്നു തീപിടിത്തമുണ്ടായത്.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സബ്സ്റ്റേഷനിലെ തീപ്പിടിത്തത്തെത്തുടർന്ന് 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. 150-ലധികം ആളുകളെ ഒഴിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വരും ദിവസങ്ങളില്‍ കാര്യമായ തടസങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹീത്രു.