സമരക്കാർക്ക് പിടിവാശിയെന്ന് മന്ത്രി രാജേഷ്; നിയമസഭയിൽ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി
Friday, March 21, 2025 11:46 AM IST
തിരുവനന്തപുരം: സമരക്കാരുടെ പിടിവാശി കാരണമാണ് ആശാസമരത്തിന് പരിഹാരമുണ്ടാവത്തതെന്ന് മന്ത്രി എം.ബി.രാജേഷ്. ആശമാരോട് സര്‍ക്കാരിന് അനുഭാവപൂര്‍വമായ സമീപനമാണെന്ന് മന്ത്രി സഭയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉന്നയിച്ച സബ്മിഷന് സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധിയാണ്. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം സമരക്കാരുടെ ശാഠ്യമാണ്.
കേന്ദ്രസർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നത്. സമരക്കാർ ശാഠ്യം പിടിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആഗ്രഹിച്ചത് പോലെ സമരം തീരാതിരുന്നത്.
കേരളത്തിൽ നിന്ന് വിവരം ശേഖരിക്കാതെയാണ് കേന്ദ്രം പാർലമെന്റിൽ മറുപടി നൽകിയത്. 6000 രൂപയാണ് ഓണറേറിയം എന്നാണ് കേന്ദ്രം പാർലമെന്റിനെ അറിയിച്ചത്. ഇതിലൊക്കെ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം സമരത്തെ പുച്ഛിക്കാനും സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനുമാണ് മന്ത്രി ശ്രമിച്ചതെന്ന് സതീശൻ വിമർശിച്ചു. മന്ത്രി ഭാഷ മാറ്റിയെങ്കിലും സമരത്തെ തള്ളിപ്പറയുക തന്നെയാണ് ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി. ആശമാരുടെ സമരത്തെ മന്ത്രി തള്ളി പറഞ്ഞതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.