ഇലക്ട്രിക്കൽ സബ് സ്റ്റേഷനിൽ തീപിടിത്തം; ഹീത്രൂ വിമാനത്താവളം അടച്ചു
Friday, March 21, 2025 9:48 AM IST
ലണ്ടൻ: വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്കൽ സബ് സ്റ്റേഷനിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ വൈദ്യുതി തടസം. ഹീത്രൂ വിമാനത്താവളം ഇന്ന് അർധരാത്രി വരെ അടച്ചിടും.
വിമാനത്താവള അധികൃതർ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഹീത്രൂ വഴി യാത്രകൾക്ക് പദ്ധതിയുള്ളവർ യാത്ര ചെയ്യരുതെന്നും അവരവർ യാത്ര ചെയ്യുന്ന വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടണമെന്നും അറിയിപ്പിൽ പറയുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാർച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു.