നാഗ്പുർ അക്രമം; അറസ്റ്റിലായവർക്കെതിരെ രാജ്യദ്രാഹ കുറ്റം ചുമത്തി
Friday, March 21, 2025 6:04 AM IST
മുംബൈ: നാഗ്പുരിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേസിലെ മുഖ്യപ്രതി ഫാഹിം ഖാനും മറ്റ് അഞ്ച് പേർക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു.
ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അധികൃതരിൽ നിന്ന് അവരുടെ പ്ലാറ്റ്ഫോമുകളിലെ 230 പ്രൊഫൈലുകളെക്കുറിച്ച് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈബർ ക്രൈം ഡിസിപി ലോഹിത് മതാനി നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ചില വീഡിയോകൾ പങ്കുവെച്ചതിന് ശേഷമാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇത് അക്രമത്തിന് ആക്കം കൂട്ടിയതായും വീഡിയോകൾ അക്രമത്തെ മഹത്വവൽക്കരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സൈബർ പോലീസിന്റെ എഫ്ഐആറുകളിൽ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി സിറ്റി ചീഫ് ആയ ഫാഹിം ഖാൻ ഉൾപ്പെടെ ആറ് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് മതാനി പറഞ്ഞു.
അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ "ഛാവ' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബറേൽവി വിഭാഗത്തിലെ പുരോഹിതനായ മൗലാന ഷഹാബുദ്ദീൻ റസ്വി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ഈ സിനിമ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും നാഗ്പുർ അക്രമത്തിന് ഉത്തരവാദി ഈ സിനിമയാണെന്നും അദ്ദേഹം ആരോപിച്ചു.
നാഗ്പുരിൽ നടന്ന അക്രമത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപലപിച്ചു. ഇന്ത്യ നാനാത്വത്തിൽ ഏകത്വത്തിന് പേരുകേട്ട രാജ്യമാണെന്ന് അവർ പറഞ്ഞു.