ചാന്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Thursday, March 20, 2025 12:40 PM IST
മുംബൈ: ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ്, സെലക്ഷൻ കമ്മറ്റി എന്നിവർക്കാണ് സമ്മാനത്തുക കൈമാറുക.
മാർച്ച് ഒൻപതിന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ഉയർത്തിയത്.
ടൂർണമെന്റിലുടനീളം ടീം കാഴ്ചവച്ച മികച്ച പ്രകടനത്തിനുള്ള ആദരമാണ് ഈ ക്യാഷ് അവാർഡ് എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. സമ്മർദ്ദഘട്ടത്തിലും കളിക്കാർ ശ്രദ്ധേയമായ സംയമനം പാലിച്ചു. അവരുടെ വിജയം രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് കളിക്കാർക്ക് ഒരു പ്രചോദനമാണെന്നും രാജീവ് ശുക്ല പറഞ്ഞു.