ശശി തരൂരിനെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ്
Wednesday, March 19, 2025 3:01 PM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവനയെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ് എംപി.
പശ്ചാത്യരാജ്യങ്ങളുടെ സമ്മർദത്തിന് വഴങ്ങരുതെന്ന് ഇടതു പാർട്ടികൾ പറഞ്ഞിരുന്നുവെന്ന് ബ്രിട്ടാസ് പറഞ്ഞു. തരൂർ അഭിനന്ദിക്കേണ്ടത് ഇടതുപാർട്ടികളെയാണ്. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും ബ്രിട്ടാസ് പറഞ്ഞു.
ശശി തരൂർ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും സിപിഎം എംപി കൂടിയായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താൻ മോദിക്ക് കഴിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു.
മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായി. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായതായും തരൂർ പറഞ്ഞു.
ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമീർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വോളോദിമീർ സെലൻസ്കിക്കും സ്വീകര്യനായ നേതാവായി മാറാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞുവെന്നും രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നും തരൂർ പ്രശംസിച്ചു.