"സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു'; സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി
Wednesday, March 19, 2025 1:57 PM IST
ന്യൂഡൽഹി: നീണ്ട ഒമ്പതു മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മറ്റ് ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സുനിത വില്യംസിനൊപ്പമുള്ള ചിത്രം സമൂഹികമാധ്യമമായ എക്സില്‍ അദ്ദേഹം പങ്കുവച്ചു. 'സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. നേരത്തെ, സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു.
അവരുടേത് നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മാനുഷിക പ്രയത്നത്തിന്റെയും പരീക്ഷണമായിരുന്നു. സുനിത വില്യംസും ക്രൂ-9 ബഹിരാകാശയാത്രികരും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാണിച്ചുതന്നു. അവരുടെ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.