വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
Wednesday, March 19, 2025 1:32 AM IST
തിരുവനന്തപുരം: വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. വെള്ളറട കാരക്കോണം കുന്നത്തുകാൽ സ്വദേശികളായ വിഷ്ണു (33), പ്രവീൺ (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് അറസ്റ്റിലായത്.
വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നാണ് യുവാക്കൾ പിടിയിലായത്. ഡാൻസാഫ് ടീമും അയിരൂർ പോസും ചേർന്നാണ് കാറിലെത്തിയ പ്രതികളെ പിടികൂടിയത്.
കാറിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന സിറിഞ്ചും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംശയാസ്പദമായ രീതിയിൽ ഒരു കാർ വർക്കലയിൽ എത്തിയത് പൊലീസ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
കാപ്പിൽ ബീച്ച്, സമീപത്തെ റിസോർട്ടുകൾ എന്നിവിടങ്ങളിലേക്ക് വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.