അര്‍ജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശനം; കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി കിട്ടി
Tuesday, March 18, 2025 11:46 PM IST
തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെന്ന് മന്ത്രി വി.അബ്ദുറഹിമാന്. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്റെയും അനുമതി കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഒക്ടോബറിൽ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്നാണ് സൂചന. ഏഴ് ദിവസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലുണ്ടാകുമെന്നും സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
2022ലെ ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീനക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച പിന്തുണക്ക് നന്ദി അറിയിച്ച അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ് ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ തയാറാണെന്ന് അറിയിച്ചത്.