വാഗമണില്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം
Tuesday, March 18, 2025 5:11 PM IST
കോട്ടയം: അന്തര്‍ദേശീയ പരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് അക്യുറസ് കപ്പ് ബുധനാഴ്ച മുതല്‍ 23 വരെ വാഗമണ്‍ കോലാഹലമേട്ടില്‍ നടക്കും. ആറു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 11 രാജ്യങ്ങളില്‍ നിന്നായി 86ലധികം പേർ പങ്കെടുക്കും.
ഫെഡറേഷന് ഓഫ് എയ്റോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്റോ ക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍.
പാരാഗ്ലൈഡിംഗ് അക്യുറസി ഓവറോള്‍, വിമന്‍, ടീം, ഇന്ത്യന്‍ വിമന്‍, ജൂണിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒന്നരലക്ഷം, ഒരു ലക്ഷം, 50000 രൂപ സമ്മാനമായി ലഭിക്കും.
22ന് ഉച്ചയ്ക്ക് 12ന് ചേരുന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വാഗമണില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ നടക്കുന്നത്.