വിപ്ലവഗാനം ക്ഷേത്രത്തിൽ വേണ്ട; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Tuesday, March 18, 2025 4:30 PM IST
കൊച്ചി: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവ ഗാനം അലപിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ 10ന് ക്ഷേത്രത്തിൽ ഗായകൻ അലോഷിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിലാണ് വിപ്ലവ ഗാനം ആലപിച്ചത്.
ഇത് ക്ഷേത്ര ഉത്സവമാണ്. അല്ലാതെ കോളജ് ആന്വൽ ഡേയോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയോ അല്ലെന്ന് കോടതി പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികളും ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റ് പരിപാടികളും മാത്രമേ നടത്താൻ പാടുള്ളൂ.
ക്ഷേത്രം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വിപ്ലവഗാനങ്ങൾ ആലപിക്കാനുള്ള ഇടമല്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ദേവസ്വം സെക്രട്ടറിയെ കൂടി കക്ഷി ചേർത്തു. ആരാണ് പരിപാടി നടത്തിയതെന്നും ആരാണ് പരിപാടിക്ക് പണം മുടക്കിയതെന്നും കോടതി ചോദിച്ചു.
ക്ഷേത്ര ഉപദേശക സമിതിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് തിരുവിതാംകൂർ ദേവസ്വം ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നത്. സർക്കാരിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്.