ലോകകപ്പ് യോഗ്യത; ബ്രസീലിനും ഉറുഗ്വെക്കുമെതിരെ മെസി കളിക്കില്ല
Monday, March 17, 2025 10:02 PM IST
ബ്യൂണസ് ഐറിസ്: ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർതാരം ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങുക.
യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അന്തിമ ടീമിനെ കോച്ച് ലയണല്‍ സ്കലോണിയാണ് പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ മെസി ഉണ്ടായിരുന്നു. എന്നാല്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിച്ചപ്പോൾ മെസിക്ക് പരിക്കേറ്റിരുന്നു.
ഈ മാസം 22നാണ് എവേ ഗ്രൗണ്ടില്‍ ഉറുഗ്വെയ്ക്കെതിരായ മത്സരം. പിന്നീട് 26ന് സ്വന്തം ഗ്രൗണ്ടില്‍ ബ്രസീലിനേയും അര്‍ജന്റീന നേരിടും.