ആര്.ബിന്ദുവിന് നേരിട്ട് നല്കിയ നിവേദനം ചവറുകൂനയില്‍; ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി
Monday, March 17, 2025 3:38 PM IST
തൃശൂര്‍: മന്ത്രി ആര്.ബിന്ദുവിന് നേരിട്ട് നല്കിയ സ്ഥലംമാറ്റ നിവേദനം മാലിന്യകൂന്പാരത്തില്നിന്ന് കണ്ടെത്തി. തൃശൂര്‍ സാമൂഹികനീതി വകുപ്പ് നടത്തിയ പരിപാടിയിലാണ് ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് സ്ഥലംമാറ്റം ലഭിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ മന്ത്രിക്ക് നേരിട്ട് അപേക്ഷ നല്‍കിയത്.
എന്നാൽ മന്ത്രി പങ്കെടുത്ത പരിപാടിയുടെ മാലിന്യങ്ങള്‍ തൃശൂര്‍ ചേര്‍പ്പില്‍ വഴിയോരത്ത് തള്ളിയ നിലയിലായിരുന്നു. ഇതില്‍നിന്നാണ് സ്ഥലംമാറ്റ അപേക്ഷ കണ്ടെത്തിയത്.
അതേസമയം തനിക്ക് നല്കിയ അപേക്ഷ ചവറുകൂനയില്‍ കാണപ്പെട്ടത് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. പേഴ്സണല്‍ സ്റ്റാഫിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. അപേക്ഷ പൊതുസ്ഥലംമാറ്റത്തില്‍ പരിഗണിക്കാന്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.