സെക്രട്ടേറിയറ്റ് പരിസരം നിശ്ചലമാക്കി ആശമാർ; പോലീസ് നടപടിക്കു പിന്നാലെ റോഡിൽ കിടന്നും പ്രതിഷേധം
Monday, March 17, 2025 12:51 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരം നിശ്ചലമാക്കി ആശാപ്രവർത്തകർ. സർക്കാരിന്റെ കണ്ണുതുറക്കാൻ സെക്രട്ടേറിയറ്റ് ഉപരോധവും റോഡ് ഉപരോധവും ഉൾപ്പ ടെയുള്ള സമരമുറയാണ് ആശാപ്രവർത്തകർ ഇന്നു സ്വീകരിച്ചത്. നോർത്ത് ഗേറ്റിനോട് ചേർന്നുള്ള റോഡ് ആശാവർക്കർമാർ ഉപരോധിച്ചു. സെക്രട്ടേറിയറ്റിലേക്ക് കടക്കാനുള്ള കന്റോണ്മെന്റ് ഗേറ്റ് ഒഴികെയുള്ള മൂന്ന് ഗേറ്റുകളും ആശാപ്രവർത്തകർ ഉപരോധിച്ചു.
ഉപരോധസമരം സമരസമതി പ്രസിഡന്റ് വി.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.കെ. രമ എംഎൽഎയും കവി കുരീപ്പുഴ ശ്രീകുമാറും സമരവേദിയിലെത്തി. സെക്രട്ടേറിയറ്റ് ഉപരോധിച്ച ആശാ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ അവർ റോഡിൽ കിടന്നു പ്രതിഷേധിക്കുകയായിരുന്നു.
ഉപരോധം നേരിടാൻ വൻ പോലീസ് സന്നാഹത്തെ സെക്രട്ടേറിയറ്റിനും പരിസരത്തും വിന്യസിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറ് കണക്കിന് ആശാപ്രവർത്തകർ രാവിലെ തന്നെ സമര സ്ഥലത്തെത്തിയിരുന്നു. 36-ാം ദിവസമായിട്ടും തങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിന്റെ അവഗണനയ്ക്കെതിരേ ആശാപ്രവർത്തകർ രോഷാകുലരായി.
നിയമലംഘന സമരത്തിലേക്ക് നീങ്ങാൻ സർക്കാർ തങ്ങളെ നിർബന്ധിതരാക്കിയെന്ന് ആശ സമരസമിതി നേതാക്കൾ പറഞ്ഞു. സമരക്കാരെ നേരിടാനായി 700 ൽപരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
തങ്ങൾക്ക് പ്രതിദിനം കിട്ടുന്ന 232 രൂപ കൊണ്ട് കുടുംബം പുലർത്താനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. സർക്കാർ ആശാപ്രവർത്തകരുടെ കണ്ണുനീരും സങ്കടവും കണ്ണ് തുറന്ന് കാണാൻ ഇനിയെങ്കിലും തയാറാകണമെന്നും ആശാ പ്രവർത്തകർ പറഞ്ഞു.
ആശാപ്രവർത്തകർക്കുള്ള ഓണറേറിയം 21000 രൂപയായി ഉയർത്തുക, വിരമിക്കൽ ആനുകുല്യം 5 ലക്ഷം രുപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കഴിഞ്ഞ 36 ദിവസമായി ആശമാർ സെക്രട്ടേറിയറ്റ് പരിസരത്ത് രാപകൽ സമരം ആരംഭിച്ചത്. പൊതുസമൂഹത്തിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമരത്തിന് പിന്തുണ വർധിച്ച് വരികയാണ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശമാരുടെ സമരപന്തലിലെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് കൊടുത്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആശപ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കുമെന്ന് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ ആശ പ്രവർത്തകർക്ക് ഓണറേറിയം നൽകുന്നതിൽ കുടിശിക വരുത്തിയിട്ടില്ലെന്നും മുഴുവൻ തുകയും നൽകിയെന്നും കേന്ദ്ര സർക്കാർ കണക്കുകൾ പുറത്തുവിട്ടിരുന്നു.
സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനമെടുക്കണമെന്ന് ആശാ പ്രവർത്തകർ ആവശ്യം ഉന്നയിച്ചെങ്കിലും ആശമാരുടെ സമരം അനാവശ്യമാണെന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.