ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർഥനയോടെ പാപ്പാ; ചിത്രം പുറത്തുവിട്ട് വത്തിക്കാൻ
Monday, March 17, 2025 11:25 AM IST
വത്തിക്കാൻ: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. ക്രൂശിതരൂപത്തിനു മുന്നിൽ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്ന് പാപ്പാ പ്രാർഥന നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്.
"ഇന്നുരാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു' എന്ന കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രം പങ്കുവച്ചത്.
റോമിലെ ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യ ഫോട്ടോയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാർപാപ്പയുടെ ഒരു ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടിരുന്നില്ല.
തന്റെ സൗഖ്യത്തിനായി കുട്ടികളടക്കം ഒരുപാടുപേർ പ്രാർഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നിൽ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാർപാപ്പ ഞായറാഴ്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഫെബ്രുവരി 14 നാണ് മാർപാപ്പയെ ശ്വാസകോശങ്ങളിൽ ന്യൂമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഓക്സിജൻ തെറാപ്പി തുടരുകയാണ്. രാത്രി വെന്റിലേറ്റർ ഉപയോഗിക്കുന്നത് കുറച്ചിട്ടുണ്ട്.