മുനമ്പം ജുഡീഷല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി
Monday, March 17, 2025 11:23 AM IST
കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതോടെ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ അസാധുവായി. ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ആണ് വിധി പറഞ്ഞത്.
ജുഡീഷല്‍ കമ്മീഷന് നിയമനത്തിനെതിരേ വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷൻ നിയമനത്തിൽ പൊതുതാത്പര്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
മുനമ്പത്ത് കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുനമ്പത്തേത് വഖഫ് വസ്തു വകയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ല. ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീതിയുക്തമല്ല.
കമ്മീഷന് നിയമനത്തില്‍ സര്‍ക്കാര്‍ യാന്ത്രികമായി തീരുമാനമെടുത്തു. മനസിരുത്തിയല്ല സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ചത്. നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്കാന് സര്‍ക്കാരിനായില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം ജുഡീഷൽ കമ്മിഷന് നിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് വിവരം.