തലയ്ക്കടിയേറ്റ് അച്ഛൻ മരിച്ചു; മകൻ അറസ്റ്റിൽ
Monday, March 17, 2025 1:31 AM IST
കോഴിക്കോട്: കുടുംബ വഴക്കിനിടെ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട്ടിലുണ്ടായ സംഭവത്തിൽ കരിമ്പാടം കോളനി വളയന്നൂർ വീട്ടിൽ ഗിരീഷ് ആണ് മരിച്ചത്.
കേസിൽ ഗിരീഷിന്റെ മകൻ സനലിനെ (22) നല്ലളം പോലീസ് അറസ്റ്റ് ചെയ്തു. തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞു നടക്കുകയാണെന്ന് പറഞ്ഞാണ് സനൽ പിതാവ് ഗിരീഷിനെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു.
തലയ്ക്കു പരിക്കേറ്റ ഗിരീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.