ആശ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം തിങ്കളാഴ്ച
Sunday, March 16, 2025 11:33 PM IST
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ പ്രവർത്തകർ പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് ഉപരോധം തിങ്കളാഴ്ച. ആശ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാനായി സർക്കാർ തിങ്കളാഴ്ച ആശ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി തീരുമാനിച്ചിരിക്കുന്നത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകിയിട്ടുണ്ട്.
സമരം നടത്തുന്നവരെ പിരിച്ചുവിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് സമരക്കാർ പറഞ്ഞു. 232 രൂപ പ്രതിദിനം ലഭിക്കുന്നത് കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥ തലത്തിൽ പോലും സർക്കാർ കാര്യങ്ങൾ മനസിലാക്കാതെ തങ്ങളുടെ സമരത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആശപ്രവർത്തകർ വ്യക്തമാക്കി.
നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഓണറേറിയം വർധിപ്പിക്കാൻ സാന്പത്തിക പ്രതിസന്ധി കാരണം സാധിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രിയിൽ നിന്നും അനുകൂലമായ നടപടിയൊന്നും ഉണ്ടായില്ല. മഴയും വെയിലുമേറ്റ് ദിവസങ്ങളായി സമരം നടത്തുന്ന ആശപ്രവർത്തകരെ കേൾക്കാൻ പോലും സർക്കാർ തയാറാകാത്തത് കടുത്ത അനീതിയാണെന്നാണ് ആശമാരുടെ അഭിപ്രായം.