ട്രംപ് അസാമാന്യ ധീരൻ; ഇന്ത്യൻ ജനതയാണ് തന്റെ കരുത്ത്, രാജ്യത്തെ ബാധിച്ചിരുന്ന ദുഷ്പ്രവണതകളുടെ വേരറുത്തു: പ്രധാനമന്ത്രി
Sunday, March 16, 2025 8:14 PM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാമാന്യ ധീരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് മോദി ട്രംപിനെ പുകഴ്ത്തിയത്.
ഇന്ത്യ ആദ്യം എന്ന തന്റെ മുദ്രാവാക്യം പോലെയാണ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയം. പരസ്പര വിശ്വാസവും സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതൽ തനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാർഢ്യം ട്രംപിൽ കണ്ടു.
താൻ ഒരു കർക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിന്റെ പരാമർശത്തോട് പ്രതികരിക്കുന്നില്ല. തന്റെ രാജ്യത്തിന്റെ താത്പര്യമാണ് ട്രംപിന് മുന്നിൽ അവതരിപ്പിച്ചത്. ഏത് വേദിയിലും രാജ്യതാത്പര്യമാണ് താൻ മുന്നോട്ട് വയ്ക്കുന്നത്. ആ ഉത്തരവാദിത്തമാണ് ജനം തന്നെ ഏൽപ്പിച്ചത്. തന്റെ രാജ്യമാണ് തന്റെ ഹൈക്കമാൻഡ്.
പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. പ്രസിഡന്റ് പദവിയിൽ അല്ലാതിരുന്ന കാലത്തും മോദി നല്ല സുഹൃത്തെന്നാണ് ട്രംപ് പറഞ്ഞത്. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമിൽ കാണുന്നത്. അദ്ദേഹത്തിനിപ്പോൾ കൃത്യമായ പദ്ധതികളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണായതിനാലാണ്. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് താൻ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു.
മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തന്റെ കരുത്ത്. 2014ൽ താൻ അധികാരമേൽക്കുമ്പോൾ രാജ്യത്തെ ബാധിച്ചിരുന്ന ദുഷ്പ്രവണതകളുടെ വേരറുക്കാൻ കഴിഞ്ഞു. സർക്കാരിന്റെ ക്ഷേമപദ്ധതികൾ മുൻപ് അനർഹർക്കായിരുന്നു കിട്ടിയത്. തെറ്റായ കൈകളിലെത്തിയിരുന്ന 30 ലക്ഷം കോടി രൂപ അർഹരായവർക്ക് നൽകാൻ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.