വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; യുവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
Sunday, March 16, 2025 1:39 AM IST
ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലിയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായുണ്ടായ തർക്കത്തിനൊടുവിൽ യുവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
കേസിൽ പ്രതിയായ മനീന്ദർ പാൽ സിംഗ് മോണ്ടിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി, മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐഐഎസ്ഇആർ) ജോലി ചെയ്തിരുന്ന ഡോ. അഭിഷേക് സ്വർണങ്കറി(39)നെ മോണ്ടി നിലത്തേക്ക് തള്ളിയിടുകയും മർദിക്കുകയും ചെയ്തു. സെക്ടർ 67ൽ അഭിഷേക് താമസിക്കുന്ന വാടക വീടിന് സമീപമായിരുന്നു സംഘർഷമുണ്ടായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ മോണ്ടി, അഭിഷേകിനെ മർദിക്കുന്നത് വ്യക്തമാണ്. ഇരു കുടുംബങ്ങളും ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ഡയാലിസിസ് ചെയ്തു വരുന്ന അഭിഷേകിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രജ്ഞന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.