ചെലവ് കുറയ്ക്കൽ; ജീവനക്കാരുടെ അഭിപ്രായം തേടാൻ കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർ
Saturday, March 15, 2025 5:58 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി ജീവനക്കാരിൽനിന്നു മാനേജ്മെന്റ് ക്രിയാത്മക നിർദേശം തേടുന്നു. യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെയും ചെലവുകൾ എങ്ങനെ കുറയ്ക്കാം എന്ന നിർദ്ദേശമാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. 31ന് മുമ്പ് നിർദ്ദേശങ്ങൾ ഇ മെയിൽ വഴിയോ യൂണിറ്റ് അധികൃതർ മുഖേനയോ അറിയിക്കണം.
കെഎസ്ആർടിസിയുടെ ഓരോ യൂണിറ്റുകളും ലാഭ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി പരമാവധി ചിലവ് ചുരുക്കുക എന്ന നയമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മാനേജ്മെന്റ് ജീവനക്കാരോട് പറയുന്നു. യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെ ചെലവുകൾ പരമാവധി കുറയ്ക്കുമ്പോൾ വർക്ക് ഷോപ്പുകളിൽ ആവശ്യമായി വരുന്ന സാധനങ്ങളുടെ ലോക്കൽ പർച്ചേസിനും വിലങ്ങു വീഴാനാണ് സാധ്യത.
കോർപ്പറേഷന്റെ പൊതുവികസനത്തിനും യൂണിറ്റുകളുടെ സാമ്പത്തിക വളർച്ചയ്ക്കും ചെലവ് പരമാവധി ചുരുക്കി മുന്നോട്ടുപോവുക എന്ന സന്ദേശമാണ് ജീവനക്കാർക്ക് നല്കുന്നത്.