കളമശേരി കഞ്ചാവ് വേട്ട: അഭിരാജിനെ എസ്എഫ്ഐയിൽനിന്ന് പുറത്താക്കി
Saturday, March 15, 2025 5:39 PM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍) നിന്ന് ഉപയോഗത്തിനും വിപണനത്തിനുമായി എത്തിച്ച രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിനു പിന്നാലെ കേസിലെ പ്രതിയായ കരുനാഗപ്പള്ളി തടിയൂര്‍ നോര്‍ത്ത് സ്വദേശി ആര്. അഭിരാജിനെ എസ്എഫ്ഐയിൽനിന്ന് പുറത്താക്കി. കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയാണ് അഭിരാജ്.
വെള്ളിയാഴ്ച നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് അഭിരാജിനെ പുറത്താക്കിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് പിടിയിലായ കെഎസ്യു നേതാക്കളെ പൂർവ വിദ്യാർഥികളായി മാത്രം മാധ്യമങ്ങൾ അവതരിപ്പിച്ചുവെന്നും സഞ്ജീവ് പറഞ്ഞു. ജയിലിൽ കിടക്കുന്ന മൂന്നു പേരും കെഎസ്യു നേതാക്കളാണ്.
കഞ്ചാവ് വേട്ടയിൽ മാധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ കൊടുത്തുവെന്നും എസ്എഫ്ഐയെ ബോധപൂർവം ആക്രമിക്കാനുള്ള ആയുധമായി സംഭവം ഉപയോഗിക്കുകയാണെന്നും സഞ്ജീവ് പറഞ്ഞു.