ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; ലിത്വാനിയന്‍ പൗരനെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു
Saturday, March 15, 2025 4:31 PM IST
ന്യൂഡൽഹി: രാജ്യാന്തര കുറ്റവാളി അലക്സാസ് ബേസിയോകോവിനെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. പ്രതിയെ തീഹാർ ജയിലിലേക്ക് മാറ്റും. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് പ്രതിയെ ഇന്ന് ഹാജരാക്കിയത്.
കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ തിരുവനന്തപുരത്തനിന്നാണ് ലിത്വാനിയന്‍ പൗരന് അലക്സാസ് ബേസിയോകോവിനെ പോലീസ് പിടികൂടിയത്. ഇന്റര്‍പോൾ തേടുന്ന ഇയാൾ കഴിഞ്ഞ ദിവസം വർക്കലയിലാണ് പിടിയിലായത്.
കോടതിയിൽ ഹാജരാക്കുന്നതിനായി കനത്ത സുരക്ഷയില്‍ വിമാനമാർഗം ഇയാളെ ഡല്‍ഹിയിലെത്തിച്ചത്. കല്ലമ്പലം സിഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പ്രതിയെ കോടതിയിലെത്തിച്ചത്.
വർക്കല കുരയ്ക്കണ്ണിയിലെ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു പ്രതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാൾക്കെതിരെ നേരത്തേ ഡൽഹി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.