മാങ്ങ പറിക്കുന്നതിനെ ചൊല്ലി തർക്കം; അയൽവാസിയുടെ കാല് തല്ലിയൊടിച്ച സഹോദരങ്ങൾ അറസ്റ്റിൽ
Saturday, March 15, 2025 2:40 PM IST
ചെറായി: മാങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കാൽ തല്ലിയൊടിച്ച സഹോദരങ്ങൾ അറസ്റ്റിൽ. അയ്യമ്പിള്ളി കെ-സിനിമാസ് തിയേറ്ററിന് സമീപം റോഡരികിൽ നിൽക്കുന്ന മാവിൽനിന്നും പരിസരവാസിയായ മെൽജുവാണ് മാങ്ങ പറിച്ചത്.
യുവാവിന്റെ അയൽ വാസികളായഅയ്യമ്പിള്ളി മാടവന വീട്ടിൽ വിജു -57, സഹോദരൻ രാമു - 55, എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് നടത്തുന്ന തടി വർക്ക്ഷോപ്പിനോട് ചേർന്ന് റോഡരുകിൽനിൽക്കുന്നതാണ് മാവ്.
തർക്കത്തിനിടെ വടി കൊണ്ടാണ് മെൽജുവിന് അടിയേറ്റത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് മുനമ്പം പോലീസ് കേസെടുത്ത് സബ് ഇൻസ്പെക്ടർ ടി. ബിബിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.