ആറളത്ത് കാട്ടാന വീണ്ടും വീടിന്റെ ഷെഡ് തകർത്തു
Saturday, March 15, 2025 12:34 PM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ഇന്നും കാട്ടാന വീടിന്റെ ഷെഡ് തകർത്തു. പുലർച്ചെ മൂന്നോടെ ബ്ലോക്ക് ഏഴിൽ ഭഗവതി റോഡിനുസമീപമാണ് സംഭവം. ഷിജു-രജിത ദമ്പതികളുടെ വീടിനോട് ചേർന്ന ഷെഡാണ് കാട്ടാന തകർത്തത്.
ആന ഷെഡ് തകർക്കുമ്പോൾ ഷിജുവും രാജിതയും വീടിനുള്ളിൽതന്നെ ഉണ്ടായിരുന്നു. വെള്ളിയാഴ്ച ബ്ലോക്ക് ഏഴിലെ രണ്ട് വീടുകളുടെ ഷെഡ് ആന തകർത്തിരുന്നു. വീടിനോട് ചേർന്ന് വിറക് ഉൾപ്പെടെ അത്യാവശ്യ സാധങ്ങൾ സൂക്ഷിക്കുന്നതിനായി നിർമിക്കുന്ന ഷെഡുകളാണ് ആന തകർത്തത്.
വന്യമൃഗ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ പ്രഖ്യാപിച്ചിട്ടും ഇതുവരെ യാതൊന്നും നടപ്പിലായിട്ടില്ലെന്ന് ഇവിടെയുള്ളവർ പറയുന്നു. ഫാം മേഖലകളിൽ കുടിലുകളിൽ കഴിയുന്നവരെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയോ ക്യാമ്പുകൾ തുറക്കുകയോ ചെയ്യണമെന്നാണ് ഇവടെയുള്ളവരുടെ ആവശ്യം.