സുവര്‍ണ ക്ഷേത്രത്തില്‍ ദര്ശനത്തിനായെത്തിയവരെ ആക്രമിച്ചു; പ്രതി പിടിയിൽ
Saturday, March 15, 2025 6:15 AM IST
അമൃതസര്‍: സുവര്‍ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തിയ അഞ്ചുപേരെ അക്രമി ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്പിച്ചെന്ന് പോലീസ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി ക്ഷേത്രത്തിനകത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കി.
ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം. ഭക്തരുടെയും പ്രദേശവാസികളുടെയും കണ്മുന്നില് വച്ചായിരുന്നു ഇയാള്‍ ഭീതി സൃഷ്ടിച്ചുകൊണ്ട് അക്രമം അഴിച്ചുവിട്ടത്. പരിക്കറ്റവരില്‍ രണ്ടുപേര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ വോളണ്ടിയര്‍മാരാണ്.
സാരമായി പരിക്കേറ്റ ഒരാളെ അമൃതസറിലെ ശ്രീ ഗുരു റാം ദാസം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. അക്രമിയെയും കൂട്ടാളികളെയും ക്ഷേത്രസമുച്ചയത്തിൽ ഉണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഭക്തരെ ആക്രമിക്കുന്നതിനു മുമ്പ് പ്രതിയും കൂട്ടാളികളും ക്ഷേത്രപരിസരം മുഴുവന്‍ നീരീക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.