കളമശേരി കഞ്ചാവ് വേട്ട: പിടിയിലായവർക്കെതിരെ തെളിവുണ്ട്, ആരെയും കുടുക്കിയതല്ലെന്ന് പോലീസ്
Friday, March 14, 2025 4:05 PM IST
കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍ മെൻസ് ഹോസ്റ്റൽ) നിന്നു കഞ്ചാവ് പിടികൂടിയ കേസിൽ പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും ആരെയും കേസിൽ കുടുക്കിയതല്ലെന്നും തൃക്കാക്കര എസിപി ബേബി.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ കുടുക്കിയെന്ന എസ്എഫ്ഐയുടെ ആരോപണം തള്ളിയാണ് എസിപിയുടെ വിശദീകരണം.
ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവിൽ പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്.
പൂർവ വിദ്യാർഥികൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്നും കോളജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പോലീസ് അറിയിച്ചു.
കൊല്ലം കുളത്തൂപ്പുഴ അടവിക്കോണത്ത് പുത്തൻവീട്ടിൽ എം. ആകാശ് (21), ആലപ്പുഴ കാർത്തികപ്പള്ളി കാട്ടുകോയിക്കൽ ആദിത്യന് (20), കൊല്ലം സ്വദേശിയും കോളജിലെ യൂണിയന് ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ കൊല്ലം കരുനാഗപ്പള്ളി പനംതറയിൽ ആർ. അഭിരാജ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് കിലോയോളം കഞ്ചാവാണ് പോലീസ് ഹോസ്റ്റലിൽനിന്നും പിടിച്ചെടുത്തത്.