ജോളി മധുവിന്റെ മരണം: അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്രം
Thursday, March 13, 2025 1:53 PM IST
ന്യൂഡൽഹി: കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തില്‍ പരാതി നല്കിയ ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്രം. ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൂടാതെ, കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക അന്വേഷണവും നടത്തും.
നേരത്തെ, സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര മൈക്രോ സ്മോൾ ആൻഡ് മീഡിയം മന്ത്രാലയം (എംഎസ്എംഇ) അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 10 നാണ് കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫീസര്‍ വെണ്ണല ചളിക്കവട്ടം പയ്യപ്പിള്ളി പരേതനായ മധുവിന്റെ ഭാര്യ ജോളി (56) മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു 11 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ അതിജീവിത കൂടിയാണു ജോളി.
കയര്‍ ബോര്‍ഡിലെ മേലുദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു ജോളിയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. കാന്‍സര്‍ രോഗി കൂടിയായ ഇവര്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കയര്‍ബോര്‍ഡ് ഉന്നത ഉദ്യഗസ്ഥര്‍ക്കും എംഎസ്എംഇ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നേരത്തെ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും പരിഹാരമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
കയര്‍ ബോര്‍ഡില്‍ നടന്ന അഴിമതി ചൂണ്ടിക്കാട്ടിയ ജോളിയോടു മേലുദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നു. കാന്‍സര്‍ രോഗിയെന്ന പരിഗണനപോലും നല്‍കാതെ അകാരണമായി ആന്ധ്രയിലേക്കു സ്ഥലംമാറ്റുകയും പ്രമോഷനും ശമ്പളവും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി 30 ന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നുമാണ് കുടുംബത്തിന്റെ പരാതി.
അതേസമയം ആരോപണം നിഷേധിച്ച കയര്‍ ബോര്‍ഡ് ചെയര്മാന് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കി ജോളിക്ക് അവധിയും ആ സമയത്തെ ശമ്പളവും അനുവദിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണു ആന്ധ്രയിലെ രാജമുന്ദ്രിയിലേക്കു സ്ഥലംമാറ്റം നല്‍കിയത്. ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കി സ്ഥലംമാറ്റ ഉത്തരവും റദ്ദാക്കിയിരുന്നുവെന്നും ചെയര്മാന് പ്രതികരിച്ചു.