വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്തിന്റെ നടപടിക്കെതിരേ വനംവകുപ്പ്
Wednesday, March 12, 2025 7:53 PM IST
കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിന്റെ നടപടി രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് വനംവകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയില്‍ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തെറ്റായ പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ആലോചിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.
ഉപദ്രവകാരികളായ കാട്ടു പന്നികളെ കൊല്ലാന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന് നല്കിയ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം റദ്ദാക്കണമെന്നും ശിപാര്‍ശയുണ്ട്. പഞ്ചായത്തിന്റെ തീരുമാനത്തിനെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിനെതിരെ ചീഫ് വൈൽഡ് ലൈഫ് വാര്ഡന് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.