പെന്ഷന് കുടിശിക; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി
Monday, March 10, 2025 2:53 PM IST
തിരുവനന്തപുരം: വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ പെന്ഷന് കുടിശിക മുടങ്ങിയത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. എം.വിൻസെന്റ് എംഎൽഎയാണ് അടിയന്തരപ്രമേയമായി വിഷയം അവതരിപ്പിച്ചത്. മുൻകാല തൊഴിലാളി പാർട്ടിയുടെ സർക്കാർ തൊഴിലാളികളോട് കാണിക്കുന്നത് വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിട നിർമാണ ക്ഷേമനിധിയിൽ 17 മാസം പെൻഷൻ കുടിശികയുണ്ട്. പരിപ്പ് വട മാറ്റി കശുവണ്ടി കൊറിക്കുന്ന സമയത്തെങ്കിലും കശുവണ്ടി തൊഴിലാളികളെ ഓർക്കണമായിരുന്നെന്നും എംഎൽഎ വിമർശിച്ചു.
ഈ സർക്കാരിന്റെ മുൻഗണന എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. തൊഴിലാളികള്‍ക്ക് അവര്‍ അംശാദായം അടച്ച തുക പോലും തിരിച്ച് കൊടുക്കാനാകുന്നില്ലെന്നും സതീശൻ വിമർശനം ഉന്നയിച്ചു.
മൂന്ന് ഗഡുക്കൾ കൂടി പെൻഷൻ കൊടുക്കാനുണ്ടെന്നും അത് ഈ സാമ്പത്തിക വർഷം കൊടുക്കുമെന്നും ധനമന്ത്രി കെ.എൻ ബാലോഗോപാൽ പ്രതികരിച്ചു. യുഡിഎഫിന്റെ കാലത്തെ കുടിശിക വരെ തീര്‍ക്കുന്നത് ഇടത് സര്‍ക്കാരാണ്.
അംശാദായത്തിന് പുറമേ സര്‍ക്കാര്‍ കൂടുതല്‍ പണം കൂടി അനുവദിച്ചിട്ടാണ് പെന്ഷന് നല്‍കുന്നത്. പ്രതിക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണ്. ഇങ്ങനെ പറഞ്ഞാൽ മുതല പോലും പിണങ്ങുമെന്നും ധനമന്ത്രി പരിഹസിച്ചു.
അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.