അന്താരാഷ്ട്ര മൊബൈൽ ഫോൺ മോഷ്ടാവ് അറസ്റ്റിൽ; ആഡംബര മൊബൈൽ ഫോണുകൾ പിടികൂടി
Sunday, March 9, 2025 3:16 PM IST
ന്യൂഡൽഹി: ബംഗ്ലാദേശിലേയ്ക്ക് കടത്താൻ മോഷ്ടിച്ച 48 ആഡംബര മൊബൈൽ ഫോണുകളുമായി അന്താരാഷ്ട്ര മൊബൈൽ ഫോൺ മോഷണസംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ഡൽഹി പോലീസാണ് ഇയാളെ പിടികൂടിയത്.
പശ്ചിമ ബംഗാളിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളുമായി അബ്ദുഷ് (24) എന്നയാളെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മെട്രോ സ്റ്റേഷനുകൾ, ബസുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിവയിലെ യാത്രക്കാരെ ലക്ഷ്യമിട്ട് ഡൽഹി-എൻസിആറിൽ സംഘടിത മോഷണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രൈം) ആദിത്യ ഗൗതം പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാൻ സലിംഗഢ് ബൈപാസിന് സമീപം പോലീസ് കെണിയൊരുക്കിയിരുന്നു. മോഷ്ടിച്ച 48 ഹൈ-എൻഡ് മൊബൈൽ ഫോണുകളുമായി വരുന്നതിനിടെയാണ് അബ്ദുഷിനെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, കഴിഞ്ഞ 18 മാസത്തിനിടെ മോഷ്ടിച്ച 800-ലധികം ഫോണുകൾ കടത്തിയതായി അബ്ദുഷ് സമ്മതിച്ചു. തുടക്കത്തിൽ ആക്രി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഇയാളെ സമീർ, സലീം എന്നിവരാണ് മൊബൈൽ മോഷണ രംഗത്തേയ്ക്ക് എത്തിച്ചത്.
ഡൽഹി, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ ശൃംഖല തകർക്കുന്നതിനും സൈബർ സെൽ ഇപ്പോൾ അയാളുടെ കൂട്ടാളികളെ തിരിച്ചറിയുന്നതിനും പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസിപി കൂട്ടിച്ചേർത്തു.