യുപിയിൽ മാധ്യമപ്രവർത്തകനെ വെടിവച്ചുകൊന്നു; ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നുവെന്ന് കുടുംബം
Sunday, March 9, 2025 10:53 AM IST
ലക്നോ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു. ശനിയാഴ്ച സീതാപൂർ-ഡൽഹി ദേശീയപാതയിൽ വച്ച് ബൈക്കിലെത്തിയ അക്രമികൾ ഒരു ഹിന്ദി ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോർട്ടർ രാഘവേന്ദ്ര ബാജ്പൈയെ (35)യെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു.
ഇമാലിയ സുൽത്താൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെംപൂർ റെയിൽവേ ക്രോസിനടുത്തുള്ള ഓവർബ്രിഡ്ജിലാണ് ആക്രമണം നടന്നത്. രാഘവേന്ദ്ര ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
മൂന്ന് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ തോളിലും നെഞ്ചിലുമായി തുളച്ചുകയറി. തുടർന്ന് അക്രമികൾ മോട്ടോർ സൈക്കിളിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്ന് സീതാപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) പ്രവീൺ രഞ്ജൻ സിംഗ് പറഞ്ഞു.
നാട്ടുകാരുടെ സഹായത്തോടെ പോലീസ് ബാജ്പൈയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ബാജ്പൈക്ക് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.