ആശ സമരത്തിനിടെ പിഎസ്സിയിലെ ശമ്പള പരിഷ്കരണം എരിതീയിൽ എണ്ണയൊഴിക്കുംപോലെ; സിപിഎം സമ്മേളനത്തിൽ വിമർശനം
Friday, March 7, 2025 10:44 PM IST
കൊല്ലം: ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും വിധം ഇടപെടൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സമ്മേളനത്തിലെ ആദ്യ പ്രമേയം മാലിന്യ നിർമാർജനമായിരുന്നു. എന്നാൽ കേന്ദ്ര വിരുദ്ധ സമരം പോലെ രാഷ്ട്രീയ വിഷയങ്ങൾ ഉണ്ടായിട്ടും പരിഗണിച്ചില്ലെന്നും വിമർശനമുയർന്നു.
ഇത് രാഷ്ട്രീയ ധാരണ ഇല്ലാത്ത നടപടിയാണ് എന്നാണ് വിമർശനം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടും സമ്മേളനത്തിൽ വിമർശനമുണ്ടായി.
പ്രതികരണങ്ങളിൽ ജാഗ്രത വേണമായിരുന്നു. രണ്ട് ജില്ലകളിൽനിന്നുള്ള നേതാക്കൻമാർ പ്രത്യേകം അഭിപ്രായം പറയുന്നു. ഈ സ്ഥിതി ഒഴിവാക്കണമായിരുന്നുവെന്ന് എറണാകുളത്തുനിന്നുള്ള പ്രതിനിധി പറഞ്ഞു.
പി.പി. ദിവ്യയെ മാധ്യമങ്ങൾക്ക് വേട്ടയാടാൻ ഇട്ടുകൊടുത്തു. ദിവ്യക്ക് സംരക്ഷണം നൽകണമായിരുന്നുവെന്ന് കൊല്ലത്തുനിന്നുള്ള പ്രതിനിധി പറഞ്ഞു.
ആശ സമരക്കാരുടെ ആവശ്യത്തിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ല. സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും വിമർശനമുണ്ടായി.
പിഎസ്സി ശമ്പള പരിഷ്കരണത്തിൽ അനാവശ്യ തിടുക്കം ഉണ്ടായി. ആശമാരുടെ സമരത്തിനിടെ ഇത് എരിതീയിൽ എണ്ണയൊഴിക്കുംപോലെയായെന്നും വിമർശനമുയർന്നു.