ഐഎസ്എൽ; അവസാന ഹോം മത്സരത്തിൽ മുംബൈയെ തകർത്ത് ബ്ലാസ്റ്റേഴ്സ്
Friday, March 7, 2025 9:45 PM IST
കൊച്ചി: ഐഎസ്എല്ലിൽ മുംബൈ സിറ്റിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.
ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയത്. 52-ാം മിനിറ്റിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടം.
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. ജയത്തോടെ പഞ്ചാബ് എഫ്സിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് കയറി.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് 23 കളികളിൽ 28 പോയിന്റാണ്. ഏഴാംസ്ഥാനത്തുള്ള മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ അവസാന മത്സരം ജയിക്കണം.