ഒഡീഷയിലെ തുറമുഖത്ത് തീപിടിത്തം; ബോട്ടുകൾ കത്തിനശിച്ചു
Friday, March 7, 2025 1:28 AM IST
ഭുവനേശ്വർ: ഒഡീഷയിലെ പാരദീപിലെ നെഹ്റു ബംഗ്ലാ മത്സ്യബന്ധന തുറമുഖത്ത് തീപിടിത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, 12 വലിയ ബോട്ടുകളും എഞ്ചിൻ ഘടിപ്പിച്ച തദ്ദേശീയ ബോട്ടുകളും തീപിടുത്തത്തിൽ പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായില്ല.
പാചക വാതക സിലിണ്ടറുകളും ഡീസൽ ടാങ്കുകളും പൊട്ടിത്തെറിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ഓരോ ബോട്ടിലും 3,000 ലിറ്ററിലധികം ഡീസലും മത്സ്യബന്ധന ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇത് തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്ന് ഒരു അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവസമയം തുറമുഖത്ത് ഏകദേശം 650 വലിയ ബോട്ടുകളും 400 തദ്ദേശീയ ബോട്ടുകളുമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്.