കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു: അസാന്നിധ്യം വിശദീകരിച്ച് മുകേഷ്
Thursday, March 6, 2025 3:47 PM IST
കൊച്ചി: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി എംഎല്‍എയായ മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്ന സാഹചര്യത്തിൽ വിശദീകരണവുമായി താരം രംഗത്ത്.
സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്ന് മുകേഷ് പ്രതികരിച്ചു. താന്‍ എറണാകുളത്ത് സിനിമാ ഷൂട്ടിലായതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും മുകേഷ് പറഞ്ഞു.
സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുഖ്യ സംഘാടകരില്‍ ഒരാളാകേണ്ടിയിരുന്നതായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിന് പങ്കെടുക്കാമായിരുന്നു.
എന്നാല്‍ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് മുകേഷ് തന്നെ രംഗത്തെത്തിയത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പാർട്ടി പരിപാടികളിൽ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്.