സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരേ വന്ന ട്രാവലർ ഇടിച്ചു; സ്കൂട്ടർ യാത്രിക മരിച്ചു
Thursday, March 6, 2025 9:29 AM IST
കൊച്ചി: ആലുവ-മൂന്നാർ റോഡിൽ ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രികയായ വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പി.എസ്. ലൈജു (41)വിനെ ഗുരുതരമായ പരിക്കുകളോടെ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളനിപ്പടിക്ക് സമീപം ബുധനാഴ്ച രാത്രി 8.45ഓടെയാണ് അപകടം. ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നു വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു.
ഇടിച്ച ശേഷവും 30 മീറ്ററോളം മുന്നോട്ട് നീങ്ങിയ ശേഷമാണ് ട്രാവലർ നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സുനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.