ആദായനികുതി ബിൽ: പാർലമെന്ററി സമിതി ഇന്നും നാളെയും
Thursday, March 6, 2025 3:54 AM IST
ന്യൂഡൽഹി: നികുതി നിയമങ്ങൾ ലളിതമാക്കാനെന്ന പേരിൽ കൊണ്ടുവന്ന പുതിയ ആദായനികുതി ബിൽ- 2025 അവലോകനം ചെയ്യുന്ന പാർലമെന്റ് സെലക്ട് കമ്മിറ്റി യോഗം ഇന്നും നാളെയും ഡൽഹിയിൽ നടക്കും.
ബിജെപി എംപി ബെയ്ജയന്ത് ജയ് പാണ്ഡ അധ്യക്ഷനായ ലോക്സഭയുടെ 31 അംഗ സമിതിയിൽ കേരളത്തിൽനിന്ന് എൻ.കെ. പ്രേമചന്ദ്രനും ബെന്നി ബെഹനാനും അംഗങ്ങളാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ഭാരവാഹികളിൽനിന്ന് സമിതി ഇന്നു തെളിവെടുപ്പ് നടത്തും.
ഐസിഎഐ ദേശീയ പ്രസിഡന്റ് ചരണ്‍ജോത് സിംഗ് നന്ദ, വൈസ് പ്രസിഡന്റ് ഡി. പ്രസന്നകുമാർ, പ്രത്യക്ഷ നികുതിക്കായുള്ള കമ്മിറ്റി ചെയർമാൻ പീയൂഷ് ചാജത്, ദേശീയ കൗണ്‍സിലിലെ ഏക മലയാളിയായ ബാബു ഏബ്രഹാം കള്ളിവയലിൽ തുടങ്ങിയവരാണ് പാർലമെന്ററി സമിതിക്കു മുന്നിൽ വിഷയം അവതരിപ്പിക്കുക.
ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനയ്ക്കുപുറമെ ഏണസ്റ്റ് ആൻഡ് യംഗിലെ പ്രമുഖരെയും പാർലമെന്ററി സമിതി ഇന്നു ക്ഷണിച്ചിട്ടുണ്ട്. ബില്ലിലെ 515 (3) ബി വകുപ്പിലുള്ള അക്കൗണ്ടന്റ് എന്ന പദത്തിൽ കോസ്റ്റ് അക്കൗണ്ടന്റുമാരെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ ചാർട്ടേഡ് അക്കൗണ്ടന്റുമാർ എതിർത്തു. നികുതി ഓഡിറ്റുകൾക്ക് അറിവും പരിചയവുമുള്ളത് ചാർട്ടേഡ് അക്കൗണ്ടുമാർക്കാണെന്ന് ഐസിഎഐ പറയുന്നു.