പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ വിസമ്മതിച്ചു; മകളെ കൊന്ന് മൃതദേഹം കത്തിച്ച് പിതാവ്
Thursday, March 6, 2025 12:28 AM IST
അമരാവതി: പ്രണയബന്ധത്തിന്റെ പേരിൽ മകളെ കൊന്ന് മൃതദേഹം കത്തിച്ച് പിതാവ്. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലാണ് സംഭവം. ഗുണ്ടക്കൽ ടൗണിൽ നിന്നുള്ള ടി. രാമാഞ്ജനേയുലു(55)ആണ് മകൾ ടി. ഭാരതി (20)യെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്.
മാർച്ച് ഒന്നിന് ഉച്ചയ്ക്ക് ഒന്നോടെ കസപുരം ഗ്രാമത്തിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വച്ചാണ് ഇയാൾ കൃത്യംചെയ്തത്. കൊലപാതകം ചെയ്തിന് ശേഷം ഇയാൾ പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു.
ഭാരതി അഞ്ച് വർഷമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ഭാരതിയോട് നിർദേശിച്ചു. എന്നാൽ ഭാരതി ആത്മഹത്യാഭീഷണി മുഴക്കി.
മകളുടെ സ്വഭാവത്തിൽ അസ്വസ്ഥനായ പിതാവ് ഭാരതിയെ കസപുരം ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് മകളെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു.
രാമാഞ്ജനേയുലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതി കർണൂലിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ഭാരതിയുടെ കാമുകൻ ഹൈദരാബാദിൽ ബിരുദത്തിന് പഠിക്കുകയാണ്.