കുട്ടിയാനയുടെ അന്നനാളത്തിന് ഉൾപ്പെടെ പരിക്ക്; അന്വേഷണം പ്രഖ്യാപിച്ചു
Wednesday, March 5, 2025 11:16 PM IST
കണ്ണൂർ: കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റത് പന്നിപ്പടക്കം കടിച്ചതുമൂലമാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സിസിഎഫ് ഉത്തരവിട്ടത്. കണ്ണൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം നൽകി.
ആനയുടെ അന്നനാളത്തിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാൻ ആവാത്ത സ്ഥിതിയായിരുന്നു. പടക്കം പൊട്ടിയതിന്റെ ആഘാതത്തിൽ ആനയുടെ പല്ലും നാക്കും ഉൾപ്പെടെ തകർന്നിരുന്നു.