അരവിന്ദ് കേജരിവാൾ ധ്യാനം തുടങ്ങി; വിമർശനവുമായി കോൺഗ്രസും ബിജെപിയും
Wednesday, March 5, 2025 10:40 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാൾ ധ്യാനം തുടങ്ങി. ഇന്നു മുതൽ മാർച്ച് 15 വരെയുള്ള ദിവസങ്ങളിൽ പഞ്ചാബിലെ ഹോഷിയാർ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് അദ്ദേഹം ധ്യാനം ഇരിക്കുന്നത്.
കേജരിവാളിന്റെ ധ്യാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്ത് എത്തി. പൊതു ജനത്തിന്റെ പണം പഞ്ചാബ് സര്‍ക്കാര്‍ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്ന് ബിജെപി ഡൽഹി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ കുറ്റപ്പെടുത്തി.
കേജരിവാൾ അധികാരത്തിനും ആഡംബരത്തിനും അടിമയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും ആരോപിച്ചു. സുരക്ഷാ വാഹനങ്ങൾ, ആംബുലൻസ്, ഫയർ എൻജിൻ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജരിവാൾ പഞ്ചാബിലെത്തിയത്.