വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ മാനസിക നില പരിശോധിക്കാൻ വിദഗ്ധ പാനൽ രൂപീകരിച്ചു
Wednesday, March 5, 2025 9:09 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മാനസിക നില പരിശോധിക്കാനായി മാനസികാരോഗ്യ വിദഗ്ധരുടെ പാനൽ രൂപീകരിച്ചു. 23 വയസ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണമായ പെരുമാറ്റമെന്നാണ് പോലീസിന്റെയും ഡോക്ടര്‍മാരുടെയും വിലയിരുത്തൽ.
കൂട്ടക്കൊലപാതകങ്ങള്‍ക്കിടയിൽ പുറത്തിറങ്ങുമ്പോഴെല്ലാം സാധാരണ മനുഷ്യരെപോലെയായിരുന്നു അഫാന്റെ പെരുമാറ്റം. ഈ സാഹചര്യത്തിലാണ് അഫാന്റെ മാനസിക നില പരിശോധിക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ പോലീസ് തീരുമാനിച്ചത്.
കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന നടത്തുക. പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലാണ് ഇപ്പോള്‍ അഫാനുള്ളത്.
അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം.
അതേസമയം അമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെ കസറ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും.