കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് "അടിച്ചിറക്കി';യുവാവിനെതിരെ കേസ്
Wednesday, March 5, 2025 7:56 PM IST
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ വനംവകുപ്പ് പോലീസിൽ പരാതി നൽകി. കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിനെതിരെയാണ് പോലീസിൽ പരാതി നൽകിയത്.
കടുവയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് വനംവകുപ്പ് അധികൃതരോടു പറഞ്ഞു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച രാത്രി 11 ന് ആർത്തല ചായത്തോട്ടത്തിനു സമീപത്തെ റബർത്തോട്ടത്തിൽ കടുവയെ കണ്ടെന്ന് യുവാവ് പറഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു.
തുടർന്ന് യുവാവ് പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് അധികൃതർ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാട് ഉൾപ്പടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് യുവാവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് കള്ളത്തരം പുറത്തായത്.
ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ലക്ഷ്യം വെച്ച് തെറ്റായ ദ്യശ്യം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.