പാലിയേറ്റീവ് കെയര്‍ സേവനം: ഉന്നതതല യോഗം ചേര്‍ന്നു
Wednesday, March 5, 2025 7:28 PM IST
തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രിമാരായ വീണാ ജോർജ്, എം.ബി. രാജേഷ് എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സേവനത്തിനായി തയാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപമാക്കി. പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കേരള കെയര്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.
രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം ഉറപ്പാക്കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്ട്രേഷനും പരിശീലനവും, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്ട്രേഷന്, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കല്‍, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഡാഷ് ബോര്‍ഡ്, പൊതുജനങ്ങള്‍ക്കുള്ള ഡാഷ് ബോര്‍ഡ് എന്നിവയാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
കിടപ്പ് രോഗികള്‍ക്ക് പരിചരണത്തോടൊപ്പം മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കാനും പാലീയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ സാധിക്കും. ഇതിലൂടെ സാന്ത്വന പരിചരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നും യോഗം വിലയിരുത്തി.