വില്ല്യംസണും രചിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് വന്പൻ സ്കോർ
Wednesday, March 5, 2025 6:26 PM IST
ലാഹോർ: ഐസിസി ചാന്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് വന്പൻ സ്കോർ. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് എടുത്തത്.
സെഞ്ചുറി നേടി കെയ്ൻ വില്ല്യംസണിന്റെയും രചിൻ രവീന്ദ്രയുടേയും ഗ്ലെൻ ഫിലിപ്പ്സിന്റെയും ഡാരൽ മിച്ചല്ലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോർ എടുത്തത്. 108 റൺസെടുത്ത രചിൻ രചീന്ദ്രയാണ് കിവീസിന്റെ ടോപ് സ്കോറർ. 101 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു രചിന്റെ ഇന്നിംഗ്സ്.
കെയ്ൻ വില്ല്യംസൺ 102 റൺസാണ് എടുത്തത്. 94 പന്തിൽ 10 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വില്ല്യംസണിന്റെ ഇന്നിംഗ്സ്. ഡാരൽ മിച്ചലും ഗ്ലെൻ ഫിലിപ്പ്സും 49 റൺസ് വീതമാണ് എടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റ് എടുത്തു. കഗീസോ റബാഡ രണ്ട് വിക്കറ്റുകളും വിയാൻ മുൾഡർ ഒരു വിക്കറ്റും വീഴത്തി.