നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദനം; പോലീസ് കേസെടുത്തു
Wednesday, March 5, 2025 3:14 PM IST
മലപ്പുറം: നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദനം. സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചർക്ക്(80) ആണ് മർദനമേറ്റത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അയൽവാസിയായ ഷാജിയാണ് ഇവരെ ആക്രമിച്ചത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വയോധികയെ രക്ഷപെടുത്തിയത്.
ഇവരെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഷാജി അകാരണമായി ആക്രമിക്കുകയായിരുന്നു.
ഇന്ദ്രാണിയുടെ മകൻ ഇവരെ അയൽവാസിയായ ഷാജിയെ നോക്കാൻ ഏൽപ്പിച്ചിട്ടാണ് പുറത്ത് പോകാറുള്ളത്. എന്നാൽ ഇയാൾ പല തവണയായി വയോധികയെ മർദിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ നിലമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.