പത്താം ക്ലാസുകാരന്റെ കൊലപാതകം; മരിച്ച ഷഹബാസിന്റെ വീട്ടില്‍ സൈബര്‍ സെല്ലിന്റെ പരിശോധന
Wednesday, March 5, 2025 12:47 PM IST
കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പത്താം ക്ലാസുകാരന് ഷഹബാസിന്റെ വീട്ടില്‍ സൈബര്‍ സെല്ലിന്റെ പരിശോധന. കേസന്വേഷിക്കുന്ന താമരശേരി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘവും സൈബര്‍ സെല്ലിനൊപ്പം ഇവിടെയെത്തി.
ഷഹബാസ് ഉപയോഗിച്ചിരുന്ന ഫോണ്‍ അടക്കം പരിശോധിക്കുകയാണ്. ഫോണ്‍ വഴി കുട്ടിക്ക് ഭീഷണിയോ മറ്റോ ഉണ്ടായോ എന്നറിയാനാണ് പരിശോധന. കുറ്റാരോപിതര്‍ ഷഹബാസുമായി ആശയവിനിമയം നടത്തിയിരുന്നോ എന്നും പരിശോധിക്കും.
ഷഹബാസിന്റെ മരണത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
ഗൂഢാലോചനയിലും മർദനത്തിലും പങ്കുണ്ടെങ്കിൽ ഇവരെയും പ്രതി ചേർക്കും. സംഘട്ടനമുണ്ടായതിനു സമീപത്തെ കൂടുതൽ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തി.
സംഭവത്തിൽ മുതിർന്നവരുടെ ഗൂഢാലോചനയും പ്രേരണയും അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ പിതാവിന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്ന സാഹചര്യത്തിൽ ഇയാളുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്.