കോൺഗ്രസ് ബിജെപിക്ക് മണ്ണൊരുക്കുന്നുവെന്ന് പിണറായി; ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയെന്ന് സതീശൻ
Wednesday, March 5, 2025 12:22 PM IST
തിരുവനന്തപുരം: ബിജെപിക്ക് മണ്ണൊരുക്കുന്നത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി മുഖപത്രത്തിൽ നൽകിയ ലേഖനത്തിലാണു യഥാർഥ മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും മുസ്ലിം ലീഗിനെ പോലുള്ള പാർട്ടികൾ അത് ആലോചിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചത്.
കോൺഗ്രസിന്റെ വാക്ക് ഒരുവഴിക്കും പ്രവർത്തി മറ്റൊരു വഴിക്കുമാണ്. പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസാണ്. ഡൽഹിയിലെ ബിജെപി വിജയത്തിന് കാരണവും കോൺഗ്രസാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി കോൺഗ്രസ് മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന് ലേഖനത്തിൽ കുറിച്ചു.
ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപിക്കെതിരേ നിൽക്കുന്ന മുഖ്യശക്തിയായ ആംആദ്മി പാർട്ടിയെ തോൽപ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോൺഗ്രസ് കണ്ടു.
മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ആലോചിക്കട്ടെ. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍, എന്താണ് സത്യം? രാജസ്ഥാന്, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന കര്‍ഷകരോഷം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചെറുതല്ലാത്ത രീതിയില്‍ ബിജെപിക്കെതിരേ പ്രതിഫലിച്ചു.
എന്നിട്ടും അവിടങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസിന്റെ നയംതന്നെയാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്നുകാട്ടി മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ കോണ്‍ഗ്രസ് തടഞ്ഞു. അങ്ങനെ, ബിജെപിയെ തോല്‍പ്പിക്കുന്നതിനുള്ള ജനാഭിലാഷത്തെ തകര്‍ക്കുന്ന റോളാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്. ബിജെപിയെ ജയിപ്പിച്ചതില്‍ പ്രധാന ഘടകമായത് മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച കോണ്‍ഗ്രസിന്റെ ശിഥിലീകരണതന്ത്രമാണ് -ലേഖനത്തിൽ മുഖ്യമന്ത്രി വിമർശിച്ചു.
അതേസമയം പിണറായിയുടെ ലേഖനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ആർഎസ്എസിന്റെയും ബിജെപിയുടേയും വോട്ട് വാങ്ങി എംഎൽഎ ആയ ആളാണ് പിണറായി വിജയൻ എന്ന് വി.ഡി. സതീശൻ പറഞ്ഞു. ബിജെപിയെ ഫാസിസ്റ്റ് എന്ന് മറ്റു പാർട്ടികൾ വിശേഷിപ്പിക്കുന്പോൾ ഫാസിസ്റ്റ് അല്ല എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.
സീതാറാം യെച്ചൂരി ബിജെപിയെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. യെച്ചൂരിയുടെ മരണശേഷം ബിജെപി ഫാസിറ്റ് അല്ലാതായി. യെച്ചൂരിയുടെ അഭിപ്രായം വ്യക്തിപരമായിരുന്നോ എന്ന് പിണറായി വ്യക്തമാക്കണം. സംഘപരിവാറിനെ ശക്തമായി എതിർക്കുന്നത് രാഹുലാണ്. ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.