സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്നാണ് കോൺഗ്രസിന്റെ രഹസ്യ സർവേ ഫലമെന്ന് ധനമന്ത്രി
Wednesday, March 5, 2025 12:12 PM IST
കൊല്ലം: കോൺഗ്രസിന്റെ രഹസ്യ സർവേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന്റെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ആശ വർകർമാരുടെ സമരവുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ നടപടി രാഷ്ട്രീയ ഗിമ്മിക്കാണ്. ചാനൽ ദൃശ്യം കണ്ടാൽ ജനങ്ങൾക്ക് അത് ബോധ്യപ്പെടും. ഞാൻ ഇതിനായിട്ടാണ് ഡൽഹിയിൽ പോകുന്നതെന്ന് അദ്ദേഹം പറയുന്നു.
കേന്ദ്രമന്ത്രി സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. ഭരണഘടന പരമായ കാര്യങ്ങളിൽ രാഷ്ട്രീയം കളിക്കരുത്. തങ്ങളാരും ഇത്തരം നിലപാടുകൾ സ്വീകരിക്കാറില്ലെന്നും ബാലഗോപാൽ വ്യക്തമാക്കി.